ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

തലശ്ശേരിയിൽ വച്ച് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി ഒ ടി നസീർ പറഞ്ഞു. 

ആക്രമണത്തെക്കുറിച്ച്  പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ  വെറും പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും സി ഒ ടി നസീർ പറഞ്ഞു.

വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച എം വി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് സി ഒ ടി നസീർ വ്യക്തമാക്കിയിരിക്കുന്നത്.

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസിലറുമായിരുന്ന സി ഒ ടി നസീറിന് കഴിഞ്ഞ ദിവസമാണ് വെട്ടേറ്റത്. വൈകുന്നേരം 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ  വച്ച് ബൈക്കിലെത്തിയ  മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments

Popular posts from this blog

ചെങ്ങോട്ടുമലയില്‍ സിപിഎം ജനങ്ങളെ കബളിപ്പിച്ച് നാടകം കളിക്കുന്നു; കെ.കെ രമ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE