കൃഷ്ണപിള്ള സ്മാരകം ആരുടെയും സ്വകാര്യ സ്വത്തല്ല. വസ്തുത അറിയാൻ ജനങ്ങൾക്കവകാശമുണ്ട്. ---പി.ജെ. ജെയിംസ്.

കൃഷ്ണപിള്ള സ്മാരകം തീയിട്ടു തകർത്തത് ആരെന്നറിയാൻ ജനങ്ങൾക്കവകാശമുണ്ട് !

ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ കണ്ണാർകാട്ടെ കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസ് അട്ടിമറിക്കാൻ പാർട്ടി തന്നെ ഇടപെട്ടുവെന്ന സിപിഎം പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്. ബ്രാഞ്ച് മുതലുള്ള കീഴ്ക്കമ്മിറ്റികളുടെ റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ ആരോപണമുന്നയിച്ച പാർട്ടി പ്രവർത്തകനെതിരെ നടപടിയെടുക്കുമെന്ന് നേതൃത്വം പ്രസ്താവനയിറക്കിയതുകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ലിത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും തൊഴിലാളിവർഗ്ഗത്തിൻ്റെയും മർദ്ദിതരുടെയും വിമോചന പോരാട്ടത്തിൻ്റെ പ്രതീകവും 'ആധുനിക കേരള' ശില്പികളിൽ അഗ്രഗണ്യനുമായ 'സഖാവി'ൻ്റെ സ്മാരകത്തിനു നേരെ ആരെങ്കിലും കൈചൂണ്ടുമെന്ന് രാഷ്ട്രീയ ഇടതുപക്ഷത്തിന് ചിന്തിക്കാനേ ആകുമായിരുന്നില്ല. വാസ്തവത്തിൽ, കണ്ണൂരിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ കല്ലേറിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ അരാഷ്ട്രീയാവസ്ഥയുടെ മറപിടിച്ചാണ് 2013 ഒക്ടോബർ 31 ന് പുലർച്ചെ കൃഷ്ണപിള്ള സ്മാരകത്തിനു തീവെച്ച് പ്രതിമക്കു കേടുവരുത്തിയത്. തുടർന്ന്,  ഉമ്മൻ ഭരണത്തിൽ കേസ് ഇഴഞ്ഞു നീങ്ങിയതോടെ,    ആക്രമണത്തിനു പിന്നിൽ വലത്- ലുമ്പൻ ശക്തികളാണെന്ന പ്രചരണത്തിന് ശക്തി ലഭിക്കുകയും ചെയ്തു.

ഉമ്മൻ ഭരണത്തിൻ്റെ തുടർച്ചയായി ആഭ്യന്തര വകുപ്പ് സിപിഎം കൈകാര്യം ചെയ്യുന്ന സർക്കാർ അധികാരത്തിലെത്തി 3 വർഷം തികയുന്നു. ആലപ്പുഴ ജില്ലാ കോടതിയിലുള്ള കേസിൽ അന്വേഷണോദ്യോഗസ്ഥൻ്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നത് ഈ കേസിനോട് സിപിഐ (എം) നേതൃത്വത്തിനുള്ള സമീപനം വ്യക്തമാക്കുന്നു. കൃഷ്ണപിള്ളയുടെ പാത പിന്തുടർന്ന് ആദിവാസികൾക്കൊപ്പം നിന്ന സിപിഐ (എംഎൽ) സഖാക്കൾക്ക് ജാമ്യം പോലും നിഷേധിച്ച് ജയിലിൽ ഇട്ടിരിക്കുന്ന പിണറായി ഭരണത്തിൻ്റെ ശുഷ്കാന്തിയൊന്നും 'സഖാവി'ൻ്റെ സ്മാരകം തകർത്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിൽ ഇല്ലെന്നു സൂചിപ്പിക്കട്ടെ!

അതേസമയം, 2013 ൽ അതിരൂക്ഷമായിരുന്ന സിപിഐ(എം) ലെ ആഭ്യന്തര വൈരുധ്യങ്ങളുമായി സ്മാരകം തകർക്കലിനു ബന്ധമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വലതുപക്ഷത്തു നിന്ന് അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഇടതുപക്ഷത്തു നിൽക്കുന്നവർക്ക്  അങ്ങനെയൊരു ചിന്ത ഭയമുളവാക്കുന്നതായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, കേസ് അട്ടിമറിക്കാൻ പാർട്ടി ഇടപെടുന്നുവെന്ന ആരോപണം പാർട്ടിയംഗം തന്നെ ഇപ്പോൾ മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത് രാഷട്രീയ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാകുന്നത്.

യഥാർത്ഥ വസ്തുതകൾ ഇനിയും പുറത്തു വരാനിരിക്കെ, ഒരു കാര്യം സുവ്യക്തമാണ്. കേരള ചരിത്രത്തിൽ സ. കൃഷ്ണപിള്ളയുടെ പങ്കെന്തെന്നു തിരിച്ചറിയാനാവാത്ത, അഥവാ  'സഖാവി'ൻ്റെ സ്മാരകം തകർക്കുന്നതിലേക്കെത്തുന്ന അരാഷ്ട്രീയത യുടെയും ക്രിമിനൽവൽക്കരണത്തിൻ്റേതുമായ ലുമ്പൻ അന്തരീക്ഷം ഇവിടെയുണ്ടാക്കിയതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് സിപിഐ (എം) ന് ഒഴിഞ്ഞു മാറാനാവില്ല. പുന്നപ്ര വയലാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയുടെ സ്മാരകം ആക്രമിച്ചു തകർക്കാൻ കഴിയുന്നത് ഭരണ വർഗ്ഗരാഷ്ട്രീയത്തിലേക്കുള്ള സിപിഐ (എം) ൻ്റെ തന്നെ അപചയവുമായി ബന്ധപ്പെട്ടാണെന്ന് പറയേണ്ടിയിരിക്കുന്നു.

---പി.ജെ. ജെയിംസ്.

Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...