ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത് - റവല്യൂഷണറി യൂത്ത്

ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത്.

മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഡോ. പായല്‍ തദ്‌വിക്ക് സീനിയര്‍മാരില്‍ നിന്നുമുണ്ടായ സ്വത്വ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ ഭില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുസ്ലീമായ ഡോ. പായല്‍ തദ്‌വിയെ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ആദിവാസി സ്വത്വം പറഞ്ഞു മാനസികമായി പീഢിപ്പിച്ചതിനു പുറമെ പഠനത്തിന്റെ ഭാഗമായ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു സീനിയര്‍മാര്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയാണ് ഡോ. പായല്‍ തദ്‌വി. ഈ വിഷയത്തെ രാജ്യമൊട്ടാകെയുള്ള മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതി വിവേചനം എന്നു മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നത് അതീവ വേദനാജനകമാണ്. വര്‍ഗ്ഗീയ-വംശീയ-ജാതീയ വിവേചനവും അതെത്തുടര്‍ന്നുള്ള പീഢനവും ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്യയുടെ കാരണമായി കാണേണ്ടതുണ്ട്.

നിലവില്‍ ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്യയുടെ കാരണക്കാരായി അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് സീനിയര്‍ ഡോക്ടര്‍മാരും സവര്‍ണ ഹിന്ദുക്കളാണ്. നിരന്തരമായി ഇവരില്‍ നിന്നനുഭവിക്കുന്ന വിവേചനങ്ങളും മാനസിക പീഢനവും ചൂണ്ടിക്കാട്ടി മെയ് 10ന് താന്‍ പഠിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. പായല്‍ തദ്‌വി നല്‍കിയ പരാതിയിന്മേല്‍ സ്ഥാപനം നടപടികളൊന്നും സ്വീകരിച്ചില്ല എന്നതിനു പുറമെ പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുറ്റവാളികളെ അറിയിക്കുകയും ചെയ്തു എന്നു വേണം അനുമാനിക്കാന്‍. അതിനാല്‍ത്തന്നെ നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിലെ മേലധികാരികള്‍ക്കെതിരെയും നടപടി എടുക്കേണ്ടതുണ്ട്. ഡെല്‍ഹിയിലെ തെരുവില്‍ കൊല്ലപ്പെട്ട നിഡോ താന്യ, ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ കൊല്ലപ്പെട്ട രോഹിത് വെമുല എന്നിവര്‍ക്കൊപ്പം തന്നെ ഡോ. പായല്‍ തദ്‌വിയും വ്യവസ്ഥിതിയുടെ ഇരയാണ് എന്നതില്‍ തര്‍ക്കമില്ല.

രാജ്യത്തെ ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായി നിലനിന്നിരുന്ന SC/ST (Prevention of Attrocities) ആക്ടില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഉന്നതകുലജാതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക ഹിന്ദു-ബ്രാഹ്മണിക്കല്‍ സര്‍ക്കാരില്‍ നിന്നും ഇവിടത്തെ ലൈംഗിക-മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒന്നും തന്നെ പ്രതീക്ഷിക്കാനില്ല. ലൈംഗിക-മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രവേശനം നിഷേധിക്കുകയും എങ്ങിനെയെങ്കിലും അകത്തു വന്നാല്‍ പീഢനമുറകളിലൂടെ പുറത്തെറിയുകയോ ഇല്ലാതാക്കുകയോ ചെയ്യുകയും ചെയ്യുന്നവയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതും വ്യക്തമാണ്. ഓരോ കാല്‍വെപ്പിലും എതിര്‍പ്പുകള്‍ക്കെതിരെ ഒറ്റക്കു പോരാടി മുന്നോട്ടു വരുന്ന ദളിതരെയും ആദിവാസികളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും ആക്രമിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥിതിക്കും അതിനെ പിന്താങ്ങുന്ന വരേണ്യ, ബ്രാഹ്മണ മൂല്യങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ നടക്കുന്ന സമരങ്ങളോട് നാം ഐക്യപ്പെടേണ്ടതുണ്ട്.

റവല്യൂഷണറി യൂത്ത് ഡോ. പായല്‍ തദ്‌വിയുടെ ദുഖാര്‍ത്തരായ കുടുംബത്തിനും, പായലിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറായവര്‍ക്കും, ജാതിയുടെയോ ആദിവാസി സ്വത്വത്തിന്റെയോ പേരില്‍ നിരന്തരമായി വിവേചനമനുഭവിക്കുന്നവര്‍ നടത്തുന്ന സമരങ്ങള്‍ക്കും കൂടെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംങ്ങിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും എസ്‌സി/എസ്ടി ആക്ട് ബലപ്പെടുത്തണമെന്നും ഇവ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നുറപ്പു വരുത്തണമെന്നും റവല്യൂഷണറി യൂത്ത് ശക്തിയുക്തം ആവശ്യപ്പെടുന്നു. വര്‍ഗ്ഗീയ-വംശീയ-ജാതീയ-സ്വത്വ വിവേചനങ്ങള്‍ നിലനിര്‍ത്തുന്ന വ്യവസ്ഥിതിക്കും നടപ്പില്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ജനകീയ സമരത്തിലേക്ക് നവയൗവ്വനത്തെ സജ്ജമാക്കാനുള്ള ബാധ്യത ഏതൊരു വര്‍ഗ്ഗബഹുജന സംഘടനയെയും പോലെ റവല്യൂഷണറി യൂത്ത് ഏറ്റെടുക്കുന്നു.

Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...