വിദ്യാഭ്യാസക്കച്ചവട ലോബിയുടെ ധാർഷ്ഠ്യം കാരണം തുടർ പഠനം മുടങ്ങിയ പെൺകുട്ടിക്ക് ഉടൻ സഹായം ലഭ്യമാക്കണം: റവല്യൂഷണറി യൂത്ത്

കോളേജ് ഹോസ്റ്റലിലെ റാഗിംങ്ങിലും, മാനസിക പീഡനത്തിലും മനംനൊന്ത് പഠനം നിർത്തേണ്ടി വന്ന നഴ്സിംഗ് വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാതെ കഴിഞ്ഞ രണ്ടു വർഷമായി തമിഴ്നാട്ടിലെ പേരമ്പല്ലൂർ ശ്രീനിവാസൻ കോളജ് ഓഫ് നഴ്സിംഗ് അധികൃതരുടെ ക്രൂരതയിൽ പഠനം തുടരാനാവാതെ പ്രയാസപ്പെടുകയാണ് കോഴിക്കോട് ചേളന്നൂരിലെ കൂലി തൊഴിലാളികളായ പി.ഷാജിയുടെയും, കെ.എം ജിവിഷയുടെയും മകളായ ആതിര. കഴിഞ്ഞ രണ്ടു വർഷമായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ തയ്യാറാകാത്ത കോളജ് മാനേജ്മെന്റ് നടപടി മൂലം തുടർ പഠനം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
എസ്.എസ്.എൽ.സിക്കും, +2 വിനും ഉന്നത വിജയം നേടിയ ആതിര തനിക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖല സ്വപ്നം കണ്ടാണ് നഴ്സിംഗ് കോഴ്സിന് ചേരാൻ തീരുമാനിച്ചത്. എന്നാൽ തന്റെ പ്രതീക്ഷകളെ മുഴുവൻ തല്ലി കെടുത്തുന്ന മാനസിക-ശാരീരിക പീഡനത്തെ തുടർന്ന് ആതിരയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ആദ്യവർഷത്തെ ഒന്നര ലക്ഷത്തോളം ഫീസ് അടച്ചതും, ആതിരയുടെ സർട്ടിഫിക്കറ്റുകളും തിരിച്ച് നൽകാൻ മാനേജ്മെന്റ് ഇത് വരെതയ്യാറായിട്ടില്ല. 
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന ആതിരയുടെ കുടുംബം വീട് വിൽപ്പനയ്ക്ക് വെച്ച് ബാങ്ക് വായ്പ തിരിച്ചടക്കാനൊരുങ്ങുകയാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എൽ.എക്കും, കലക്ടർക്കും പരാതി നൽകിയിട്ടും അനുകൂല നടപടി ഇതുവരെ ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് വർഷം പിന്നിട്ടിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല.വിദ്യാഭ്യാസ മേഖലയിൽ കൊടികുത്തി വാഴുന്ന കച്ചവട ലോബിയുടെ ധാർഷ്ഠ്യത്തിനും, ധിക്കാരത്തിനും മുന്നിൽ തകരുന്നത് ഒരു വിദ്യാർത്ഥിനിയുടെ ജീവിതവും അതുവഴി പാവപ്പെട്ടൊരു കുടുംബത്തിന്റെ ഭാവി പ്രതീക്ഷയുമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മോഹന വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് റവല്യൂഷണറി യുത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം മുടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഫീസും സർട്ടിഫിക്കറ്റുകളും തിരിച്ച് നൽകണമെന്ന് യു.ജി.സിയും, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നിയമം ഉണ്ടാക്കിയിട്ടും അതിനെ തകിടം മറിക്കുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കും,യു.ജി.സിക്കും റവല്യൂഷണറി യൂത്ത് പരാതി നൽകും.
ആതിരയുടെ തുടർവിദ്യാഭ്യാസത്തിന് ആവശ്യമായ സാഹചര്യമൊരുക്കാൻ അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്.ഈ വിഷയം മുൻനിർത്തി സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അതിരയുടെ വീട് സന്ദർശിച്ച ശേഷം റവലൂഷണറി യൂത്ത് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

റവലൂഷണറി യൂത്ത് നേതാക്കൾ ആതിരയുടെ വീട്ടിൽ 

Comments

Popular posts from this blog

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...